ദിവസവും കാണുന്ന സാങ്കേതിക ഉപകരണമായ cctv കാമറക്കു പിന്നിൽ സാംസ്കാരികമായ ഒരു ഭൂതകാലം ഒളിച്ചിരിപ്പുണ്ട്.
മറ്റുള്ളവരെ നിരീക്ഷിക്കാനും അവരുടെ സ്വകാര്യ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കാനുമുള്ള സ്വഭാവികമായ ത്വര ഇവിടുത്തെ cctv സാന്ദ്രതയിലും പ്രതിഫലിക്കുന്നുണ്ട്. തീർച്ചയായിട്ടും cctv കാമറകൾ അത്യാവശ്യം വേണ്ടത് തന്നെയാണ്. ആരോപണം ഉണ്ടായാൽ ഒരാളുടെ നിരപരാധിത്വം തെളിയിക്കാൻ വാഗ്വാദങ്ങൾക്കപ്പുറം നേർസാക്ഷികളാണ് വേണ്ടത്.
എങ്കിലും ചില കാര്യങ്ങൾ പൊങ്ങി കിടക്കുന്നുണ്ട്. മറ്റുള്ളവരുടെ വിഷയങ്ങളിൽ, സ്വകാര്യതകളിൽ എന്തു സംഭവിക്കുന്നു എന്നറിയാനുള്ള ചോദന ഇവിടുത്തെ സമൂഹത്തിൽ ജനിതകപരമായി ഉള്ളതാണ്. അത്തരം ജൈവചോദനയുടെ സ്വാഭാവികമായ പരിണാമം ആയി അസാധാരണമായ cctv സാന്ദ്രതയെ സാംസ്കാരിക തലത്തിൽ വിലയിരുത്താം.
ഉദാഹരണമായി, വഴിയിലെ ഒരു വലിയ കുഴി കാലാകാലങ്ങളായി ശരിപ്പെടുത്താതെ ഉപേക്ഷിക്കപ്പെടുമ്പോൾ, വേണമെങ്കിൽ അവിടെ ഒരു cctv വക്കുകയും ഒരാൾ കുഴിയിൽ വീണ് അപകടത്തിലാകുകയും ചെയ്യുന്നതിൻ്റെ ചലച്ചിത്രം കണ്ട് വിലയിരുത്തുകയും ആശങ്കപ്പെടുകയും ചെയ്യുന്ന മനശ്ശാസ്ത്രം സ്വകാര്യത ഒട്ടും അനുവദിച്ചു തരാത്ത ഒരു സമൂഹത്തിൻ്റെ ജനിതക പ്രത്യയശാസ്ത്രത്തെയാണ് cctv യിലൂടെ വിശദീകരിച്ചു തരുന്നത്.
ഇത്തരത്തിൽ ഉള്ള ഒരു സമൂഹത്തിൽ സ്വകാര്യത എന്നത് ചരിത്രപരമായി പോലും വളരെ കുറഞ്ഞ എന്നല്ല, ഇല്ലാത്ത ഒരു സങ്കൽപ്പമാണ്. എല്ലാവരും എല്ലാവരെയും നിരീക്ഷിക്കുന്ന ഒരു സാംസ്കാരിക മാപ്പിംങ്ങാണ് ഇവിടെ പണ്ടു മുതലേ ഉള്ളത്.
ചിലപ്പോഴെങ്കിലും ചിലയാളുകൾ മര്യാദക്കാർ ആകുന്നതും കുറച്ചു ആളുകൾക്ക് എങ്കിലും പോലീസ് സ്റ്റേഷനുകളിൽ നിന്നും 'ഇടി ' കിട്ടാതെ രക്ഷപ്പെട്ടു പോകുന്നതും cctv യുടെ അനിവാര്യത ഉറപ്പിക്കുന്നുണ്ട്. പോലീസ് സ്റ്റേഷനുകളിൽ 'ഏമാൻമാർ' വളരെ ഭവ്യതയോടെ ഇടപഴകുന്നതും സ്റ്റേഷനുകളിൽ നിന്നും cctv യുടെ പരിധിക്ക് പുറത്തേക്ക് വരുമ്പോൾ, അവരുടെ യഥാർത്ഥ 'അടിയന്തരാവസ്ഥാ സ്വഭാവം' അഴിമതിയുടെ മേമ്പടിയോടൊപ്പം ക്രൂരതയോടെ തികട്ടി വരുന്ന തരത്തിലുള്ള 'ചുരുളി എഫെക്ടി' നും കാരണം cctv പ്രഭാവം ആണെന്ന് തിരിച്ചറിയേണ്ടതുണ്ട്.
സൂക്ഷിച്ചു നോക്കിയാൽ നമ്മുടെ നാട്ടിൽ, സ്വകാര്യതയിലേക്ക് എപ്പോഴും കണ്ണു തുറന്ന് അന്യരുടെ വിശേഷങ്ങളിലേക്ക് ആവലാതിപ്പെട്ടു നിൽക്കുന്ന ഒരു സമൂഹത്തിനെ മൊത്തം പ്രാതിനിധ്യവൽക്കരിക്കുന്ന അമ്മാവൻമാരുടെയും അമ്മായിമാരുടെയും ചേട്ടൻമാരുടെയും ചേച്ചിമാരുടെയും പ്രതീകാത്മകമായ നിഴൽ രൂപങ്ങൾ ഇതിൽ നിന്നും കണ്ടെടുക്കാൻ കഴിയും.
എഴുതിയത് - അയ്യപ്പൻ മണികണ്ഠൻ നായർ (അയൻ)
(ലേഖകൻ്റെ വ്യക്തിപരമായ അനുഭവങ്ങളും നിരീക്ഷണങ്ങളും അഭിപ്രായങ്ങളുമാണ് ഇവിടെ എഴുതിയിരിക്കുന്നത്.)

Comments
Post a Comment