Skip to main content

Posts

Showing posts with the label കവിതകൾ

ഭേരി...

കവിത പൊരുതി നേടുക  ധീരരെ വിണ്ണിലുയർന്നു പൊങ്ങുക  കൂട്ടരെ പിന്നിലായ് ഒളിച്ചു നിൽക്കും കപട വഴികളെ  കരുതുവിൻ ധീരരായ് മുന്നിലൂടെ പൊരുതി വേണം  നേടുവാൻ പോയ കാലം  ഓർമ്മ വേണം  ഓർത്തു തന്നെ  നീങ്ങണം ഓർമ്മതൻ ചുടലയിൽ നിന്നു ഭേരി മുഴങ്ങണം അശ്രു വീണ നനഞ്ഞ മണ്ണിൽ പാദം പുൽകിയുറക്കണം അവിടെ നിന്നും രാകണം മൂർച്ചയുള്ളൊരു  നാളെയെ... എഴുതിയത് -  അയ്യപ്പൻ മണികണ്ഠൻ നായർ (അയൻ)

അവിടെയായിരുന്നു ഞാൻ...

ഇപ്പോഴും ഞാൻ തേടുന്നത് മലകളും കുന്നുകളും  മരങ്ങളും കാടും പുൽമേടുകളും ഒറ്റയടിപ്പാതകളും പുഴകളും നക്ഷത്രങ്ങളും നിറഞ്ഞ  ശാന്തവും വിജനവുമായ തീരങ്ങളും താഴ്‌വാരങ്ങളുമാണ്... ഞാൻ അവിടെയുണ്ടായിരുന്നു. അവിടെയായിരുന്നു ഞാൻ... എപ്പോഴോ എനിക്കത് നഷ്ടപ്പെട്ടുപോയി... ഇപ്പോഴും അത് തേടി നടക്കുകയാണ്.. എന്റെ കണ്ണിലെ ആ വേപഥു കാണുന്നില്ലേ... എഴുതിയത് -  അയ്യപ്പൻ മണികണ്ഠൻ നായർ (അയൻ)

പോരാളികൾ...

ഇരകളല്ല നമ്മൾ പോരാളികൾ     പടവെട്ടി മുന്നേറും   വീരാളികൾ!    അന്യായ മുഷ്ക്കിൻ്റെ    മാറു പിളർക്കുവാൻ     നാവിലെ വാക്കിൻ്റെ    നേർക്കാഴ്ച മതി!   ഉള്ളിലെ സത്യത്തിൻ   ചൂള മതി   തീചൂള   മാത്രം മതി! എഴുതിയത്- അയ്യപ്പൻ മണികണ്ഠൻ നായർ

മഴയൊഴുക്കുകൾ...

ജീവിതത്തിന്റെ ഒഴുക്കുകളെ  തീക്ഷ്ണമായി  അടയാളപ്പെടുത്തുകയാണ് മഴ! കാൽപ്പനികതയുടെ  അതിർവരമ്പുകൾ ഭേദിച്ച് ഇന്നലെകളെ ഓർമിപ്പിച്ച് ഊഷരമായ വികാരങ്ങളിൽ ഉന്മാദങ്ങൾ നിറച്ച് ദുരൂഹവും വന്യവുമായ അകലങ്ങളിലേക്ക് അതൊഴുകിപ്പോകുന്നൂ... എഴുതിയത്- അയ്യപ്പൻ മണികണ്ഠൻ നായർ

എൻ്റെ കാമുകി!

പ്രണയാനുഭൂതികളുടെ വന്യമായ സാക്ഷാത്കാരങ്ങൾ.. പകലിന് മുകളിലേക്ക് രാത്രിയുടെ സീൽക്കാരം പടർന്നു കയറി.. ഈ മാത്രകളുടെ വിഹ്വലതകളെ ഉൾക്കൊള്ളാൻ കഴിയാതെ പാതിരാ ചന്ദ്രൻ കരിമ്പടങ്ങൾ തേടി പോയി.. കരിയില കൂട്ടങ്ങൾ, മരങ്ങൾക്ക് താഴെ തീർത്ത ശയ്യയിലേക്ക് രാത്രിയുടെ സുഗന്ധങ്ങൾ വഴിഞ്ഞൊഴുകി..  രാഗലീലകളുടെ ചടുല താളങ്ങൾക്ക് കാറ്റിൻ്റെ വേഗത ആയിരുന്നു.. ആവേഗങ്ങൾക്ക് പതിയെ നിശ്ചലത കൈവന്നു. രാത്രിയുടെ പകുതിയിൽ പാതിയായവൾ, വിജനതയിലേക്ക് തന്നെ വീണ്ടും തിരിച്ചു പോയി.. പാലപ്പൂക്കളുടെ മദന ഗന്ധവും രാത്രിയും, പിന്നേയും അവിടെ തങ്ങി നിന്നു.. എഴുത്ത്, ചിത്ര രൂപകൽപ്പന - അയ്യപ്പൻ മണികണ്ഠൻ നായർ

വീടും, കാടും, മഴയും..

 വീടും, കാടും, മഴയും.. അതിരുകളില്ലാത്ത നിബിഢ വനങ്ങൾക്കുള്ളിലെ കൊച്ചു വീട്ടിൽ കാല ബോധങ്ങളിൽ നിന്നു വേർപെട്ട് ജനാലയിലൂടെ പുറത്തേക്കു നോക്കി കിടക്കുമ്പോൾ പുറത്ത് മഴ! കാലങ്ങൾക്കപ്പുറത്തു നിന്ന് നിശബ്ദതയെ ഭഞ്ജിച്ച് തോരാമഴ! എത്ര മൂടിപ്പുതച്ചാലും  വിജനതയുടെ തണുപ്പ് അരിച്ചു കയറുന്ന ഭ്രമാത്മകതയുടെ വീടും കാടും മഴയും. എഴുത്ത്, രൂപകൽപ്പന - അയ്യപ്പൻ മണികണ്ഠൻ നായർ