
എൺപത് കാലഘട്ടമാണ്. ആറ്റുകാൽ പോകുന്ന വഴിക്ക് മണക്കാട് മുക്കിൽ ഒരു പാർക്ക് ഉണ്ട്. അതിൻ്റെ എതിർ വശത്തായി വലിയ ഒരു വൈക്കോൽ ഡിപ്പോ ഉണ്ടായിരുന്നു. അടുത്തായി ഒരു ചാരായ ഷാപ്പും കടകളും എല്ലാം ഉണ്ട്. മിക്കവാറും എല്ലാ ദിവസവും ഒരു വലിയ ലോഡ് വൈക്കോലുമായി ലോറി അവിടെ വരും. വൈക്കോൽ ഡിപ്പോയുടെ അരികിലായി ലോറി നിർത്തിയ ശേഷം, തൊഴിലാളികൾ ലോഡ് ഇറക്കും. അതിന് ശേഷം കയറെല്ലാം ശരിക്ക് കെട്ടി ശരിപ്പെടുത്തി ലോറി തിരികെ പോകും. ഏതാണ്ട് എല്ലാ ദിവസവും സന്ധ്യക്കാണ് തൊഴിലാളികൾ ലോഡ് ഇറക്കുന്നത്. തൊട്ടടുത്തെ ചാരായ ഷാപ്പിൽ വരുന്നവരും, അടുത്തുള്ള ചായക്കടയിൽ വരുന്നവരും അടുത്തുള്ള ചന്തയിൽ പിരിവിനും പലിശക്കും സാധനങ്ങളുടെ തുക വാങ്ങാൻ വരുന്നവരും എല്ലാം കൂടി സാമാന്യം തിരക്കുണ്ടാകും. എങ്കിലും ഇന്നു ഉള്ളതിനെക്കാളും ശാന്തത അന്നുണ്ടായിരുന്നു...
അന്നും പതിവു പോലെ വൈക്കോൽ ലോറിയെത്തി, സന്ധ്യ സമയം. തൊഴിലാളികൾ ലോഡ് ഇറക്കി. എല്ലാം കഴിഞ്ഞ് ലോറിയിലെ കയർ എല്ലാം കെട്ടി ഉറപ്പിച്ചു. വൈക്കോൽ കെട്ട്, കെട്ടി വരുന്ന വലിയ കയർ മുറിക്കാൻ ഒരു വെട്ടു കത്തി ലോറിയിൽ ഉണ്ട്. അത് ആവശ്യം കഴിഞ്ഞ ശേഷം താഴെ നിന്നും ലോറിയുടെ മുകളിലുള്ള വൈക്കോലിലേക്ക് വലിച്ചെറിയുകയാണ് പതിവ്. അന്നും അങ്ങനെയാണ് എറിഞ്ഞത്. പക്ഷെ എറിയുടെ ശക്തി കൂടി പോയി. വെട്ടു കത്തി ലോറിയും കടന്ന് അപ്പുറം നിന്ന തൊഴിലാളിയുടെ കഴുത്തിലാണ് അവസാനിച്ചത്. എല്ലാവരും നടുങ്ങി. ജീവനു വേണ്ടി പിടയുന്ന അദ്ധേഹത്തെയും കൊണ്ട് ആശുപത്രിലേക്ക് പാഞ്ഞെങ്കിലും രക്ഷപ്പെട്ടില്ല. യാദൃശ്ചികമാണെങ്കിലും ഒരു മനുഷ്യൻ്റെ ജീവൻ ദുരന്തത്തിൽ അവസാനിച്ചു. കണ്ടു നിന്നവർക്ക് വലിയ അഘാതവും അത് ഉണ്ടാക്കി.
ഈ പഴയ സംഭവം അറിയാവുന്നവർ, ഓർമ്മയിൽ ഉള്ളവർ, ആരെങ്കിലും ഉണ്ടാകുമോ, എന്ന് അറിയില്ല. വലുതും ചെറുതും, തീരെ കുഞ്ഞുമായ ഒരുപാട് കല്ലുകളുമായി ഒഴുകുന്ന ഒരു വലിയ പുഴയാണ് കാലം...
അത് ഒഴുകട്ടെ!
എഴുതിയത് - അയ്യപ്പൻ മണികണ്ഠൻ നായർ
Comments
Post a Comment