മുകളിലത്തെ മിനുസമുള്ള പ്രതലത്തിൽ ശരിക്കും പിടിച്ച് ഇരിക്കാൻ പറ്റിയില്ല. ബസിന് ചെറിയ തോതിൽ കുലുക്കവും ഉണ്ടായിരുന്നു. പിടിവിട്ടു പോയ വെളുമ്പൻ പല്ലി നേരേ പോയി വീഴുന്നത് ലതികയുടെ കഴുത്തിനു പുറകിലാണ്. ഒരു പിടുത്തം! പിന്നെ ഇക്കിളിയിട്ടു കൊണ്ട് ഓടി മറഞ്ഞു..
ലതിക തിരിഞ്ഞു നോക്കിയപ്പോൾ, കണ്ടത് തൻ്റെ കഴുത്തിനു തൊട്ടടുത്തായി സീറ്റിൻ്റെ പുറകിലത്തെ കമ്പിയിൽ പിടിച്ചു കൊണ്ട് അലക്ഷ്യമായി ഇരിക്കുന്ന വിനയനെയാണ്.
സീറ്റിൽ നിന്നും ചാടി എഴുന്നേറ്റ ലതിക, വിനയനെ നോക്കി ആക്രോശിച്ചു.
താൻ, എന്താടോ എന്നെ ചെയ്തത്!
ഒന്നും മനസ്സിലാവാതെ വിനയൻ ലതികയെ നോക്കി. ബസ്സിനുള്ളിൽ നിറയെ ആളുകൾ. എല്ലാവരുടേയും ശ്രദ്ധ ലതികയിലേക്ക്..
എന്താ പ്രശ്നം!
തൊട്ടടുത്ത് തന്നെ ഉണ്ടായിരുന്ന കണ്ടക്ടർ ലതികയോട് കാര്യം തിരക്കി.
വിനയനെ ചൂണ്ടിക്കാട്ടി ലതിക പറഞ്ഞു.
ഇയാൾ എന്നെ..
എല്ലാം മനസ്സിലായതു പോലെ കണ്ടക്ടർ, ബസ്സ് നിർത്താനുള്ള ബല്ലടിച്ചു. വഴിയുടെ ഓരം ചേർന്ന് ബസ്സ് നിന്നു. എല്ലാവരും കൂടി ചേർന്ന് വിനയനെ പിടിച്ച് വലിച്ചു പുറത്തേക്ക് കൊണ്ടു പോയി.
പോലീസിനെ വിളിക്കിൻ!
ആരോ പറയുന്നത് കേട്ടു.
പോലീസിനെ വിളിക്കുന്നതിനു മുൻപ് ഇവനെ ഒന്നു പെരുമാറണം..
അതെ, അതെ! ഒരു പെണ്ണിൻ്റെ മാനം കളയാൻ ശ്രമിച്ചവനാണ് ഇവൻ!
ആൾക്കൂട്ടത്തിൽ, അവിടെയും ഇവിടെയും നിന്ന് ആരെക്കെയോ വിളിച്ച് പറയുന്നുണ്ടായിരുന്നു..
അക്രമാസക്തമായ നാട്ടുക്കൂട്ടം, പ്രക്ഷുബ്ധമായ കടലിനെ പോലെ തോന്നിപ്പിച്ചു.
ബസ്സിൽ ഉണ്ടായിരുന്ന ആബാലവൃദ്ധം ജനങ്ങളും അതുവഴി പോയവരും വിനയനെ തല്ലി.
എനിക്കൊന്നും അറിയില്ലേ! ഞാനൊന്നും ചെയ്തില്ലേ!
നിസ്സഹായനായി വിനയൻ നിലവിളിച്ചുകൊണ്ടിരുന്നു..
അപ്പോഴേക്കും സ്ഥലം എസ്. ഐ സൂര്യകുമാറും സംഘവും അവിടെ എത്തി. അടി കൊണ്ട് അവശനായി നിൽപ്പുണ്ടായിരുന്ന വിനയനെ ചൂണ്ടിക്കാട്ടി, പിടിച്ച് വണ്ടിയിൽ കയറ്റാൻ എസ്.ഐ പോലീസുകാരോട് ആജ്ഞാപിച്ചു.
അതിനിടയിൽ സംഘത്തിൽ ഉണ്ടായിരുന്ന പോലീസുകാരൻ രാമൻ പറഞ്ഞു..
സാറേ, ഇവനെ ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടു പോയി എൻകൗണ്ടർ ചെയ്താലോ!
അതു കേട്ട വിനയൻ അറിയാതെ 'അയ്യോ!' എന്നു വിളിച്ചു പോയി.
താൻ പറഞ്ഞതിന് മറുപടി കിട്ടാത്തത്, തോക്കിൽ വേണ്ടത്ര ഉണ്ടയില്ലാത്തത് കൊണ്ടായിരിക്കും എന്നു രാമൻ പോലീസ് കരുതി.
അപ്പോഴേക്കും ചാനലുകളിൽ വാർത്തകൾ വന്നു തുടങ്ങിയിരുന്നു. ബസ്സിനുള്ളിൽ വച്ചു യുവതിയെ കടന്നു പിടിക്കാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ കൈകാര്യം ചെയ്തു പോലിസിനെ ഏൽപ്പിച്ചു..
എടോ! താൻ ഒരൊറ്റ ആളാണ് ഇതിനൊക്കെ കാരണം
ഇതെല്ലാം കണ്ടു കൊണ്ട് ഇരുന്ന കറുമ്പൻ പല്ലി, വെളുമ്പൻ പല്ലിയോട് പറഞ്ഞു..
അപ്പോൾ വെളുമ്പൻ പറഞ്ഞു
ഇവർ ഇത് എന്തു ഭാവിച്ചിട്ടാണ്!
മനുഷ്യത്വം എന്നു പറയും, പക്ഷെ, അവരുടെ നിഘണ്ടുവിലേ ഉള്ള കാര്യം അല്ല. ഒരു ആരോപണം ഉണ്ടാകുമ്പോൾ സത്യം അറിയാൻ ശ്രമിക്കണ്ടേ!
അത് ഇവരുടെ ജനിതകപരമായ സവിശേഷത ആണ്. പൊതുസ്ഥലങ്ങൾ, മറ്റുള്ളവരുടെ സ്ഥലങ്ങൾ ഇതൊക്കെ കണ്ടാലും, ഒരാളെ തക്കത്തിനു കിട്ടിയാലും കൈയ്യേറ്റം നടത്തി കളയും..
കറുമ്പൻ പറഞ്ഞു.
എല്ലാം ശ്രദ്ധയോടെ കേൾക്കുകയായിരുന്ന വെളുമ്പൻ പല്ലി പറഞ്ഞു.
വേറേ ആർക്കെങ്കിലും ആയിരുന്നു ഈ വിധിയെങ്കിൽ, ഒരു ഇടി കൊടുക്കാൻ ഇപ്പോൾ അടി കൊണ്ട ആളും ഒപ്പം ഉണ്ടാകുമായിരുന്നു.. ഏതായാലും അയാൾക്ക് ഏന്തെങ്കിലും ഉന്നത ബന്ധങ്ങൾ ഉണ്ടോ എന്നു പരിശോധിച്ച് അറിഞ്ഞതിനു ശേഷം ആയിരിക്കും ഭാവിയിലെ കാര്യങ്ങൾ തീരുമാനിക്കുന്നത്.
ബസ്സിനുള്ളിൽ വച്ചു യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ഏതാണ്ട്, ഇതായിരിക്കും നാളത്തെ പത്രത്തിലെ വാർത്ത!
ഇതു പറഞ്ഞ് കറുമ്പൻ പല്ലി ആ സംഭാഷണം അവസാനിപ്പിച്ചു.
കഥ, ചിത്രം - അയ്യപ്പൻ മണികണ്ഠൻ നായർ
Comments
Post a Comment