'നിങ്ങൾ പ്രതീക്ഷകൾ എല്ലാം നഷ്ടമായി ആകെ നിരാശനാണോ, ഈ നമ്പറിൽ ഒന്നു വിളിക്കൂ. ഒരു അഞ്ച് മിനിറ്റ് സംസാരിക്കൂ.' ഇങ്ങനെയുള്ള, സർക്കാരിന്റെ ഒരു പരസ്യം അടുത്ത കാലത്ത് ഒന്നും ഞാൻ ഒരു മാധ്യമങ്ങളിലും കണ്ടിട്ടില്ല.
പബ്ലിക് റിലേഷൻ്റെ ഭാഗമായി, പല തരത്തിലുള്ള, അനാവശ്യ കാര്യങ്ങൾക്കും പരസ്യങ്ങൾ നൽകി, വൻ തുകകൾ പാഴാക്കി കളയുമ്പോഴും, സമൂഹത്തിന് പ്രയോജനമുള്ള പരസ്യങ്ങൾ വളരെ അപൂർവ്വമായിട്ടാണ് നമ്മുടെ മാധ്യമങ്ങളിൽ കാണാറുള്ളത്.
ഒരു സർക്കാർ, ആ ദേശത്തെ ജനങ്ങളുടെ അച്ഛനും അമ്മയും, കാരണവരും ആയിരിക്കണം. ഏതൊരു സാധാരണക്കാരൻ്റെയും ഏറ്റവും ചെറിയ കാര്യങ്ങൾ പോലും അന്വേഷിച്ചു അറിയുകയും അതിന് പരിഹാരം ഉണ്ടാക്കുകയും സ്വൈര്യ ജീവിതവും സമാധാനവും തുല്യനീതിയും ഉറപ്പു വരുത്തുകയും ചെയ്യുക, എന്നത് സർക്കാരിൻ്റെ കടമയും ഉത്തരവാദിത്വവും ആണ്.
വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും സംഘടനകൾക്കും പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾ, വളരെ പെട്ടെന്ന് ഒരു തീരുമാനത്തിലേക്ക് കൊണ്ടു വരാൻ സർക്കാരിന് കഴിയും. എല്ലാ 'മെഷിനറി' കളുടേയും നിയന്ത്രണങ്ങളും അധികാരങ്ങളും നിക്ഷിപ്‌തമായിട്ടുള്ളത് സർക്കാരിൻ്റെ കൈകളിൽ ആണ്.
പലപ്പോഴും ആരോടെങ്കിലും ഒന്നു സംസാരിച്ചാൽ പരിഹാരം കണ്ടെത്താവുന്ന ലളിതമായ കാരണങ്ങൾ കൊണ്ടായിരിക്കും പലരും ജീവിതം അവസാനിപ്പിക്കുന്നത്. ജീവിത നൈരാശ്യത്തിൽ തകർന്നു പോയവരെ പുനരധിവസിപ്പിക്കുന്ന, പ്രവൃത്തനങ്ങളെ ലാഘവത്തോടെ കാണുന്ന ഒരു സംവിധാനം, മനുഷ്യാവകാശ സംരക്ഷണത്തിൽ തികഞ്ഞ പരാജയം ആയിരിക്കും.
എല്ലാം ഉപേക്ഷിക്കാൻ തുടങ്ങുന്ന വ്യക്തിയെ ഒന്നു കേൾക്കാൻ, നമ്മുടെ സർക്കാർ തയാറായാൽ, തീർച്ചയായും അവർ ജീവിതത്തിൻ്റെ വസന്ത കാലങ്ങളിലേക്ക് തിരിച്ചു നടക്കും..
എഴുത്തും രൂപകൽപ്പനയും - അയ്യപ്പൻ മണികണ്ഠൻ നായർ
Comments
Post a Comment