ലേഖനം
ആറ്റിങ്ങലിൽ വാസു എന്നൊരാൾ ഉണ്ടായിരുന്നു. ആറ്റിങ്ങലിൻ്റെ പ്രിയപ്പെട്ട കമ്യൂണിസ്റ്റ് വാസു. ആറ്റിങ്ങൽ നഗരസഭാ പ്രദേശത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കാൻ നേതൃത്വം നൽകിയവരിൽ പ്രമുഖനായ വേളാർകുടി സ്വദേശി വാസു.
വെട്ടൻ ശ്രീധരൻ, ജനാർദ്ധനൻ ആശാരി, ആർ.പ്രകാശം എന്നീ മൂവർ സംഘത്തിൻ്റെ കൂടെ വേളാർകുടി പ്രദേശത്തുള്ള ഗണപതിക്കും വേലുവിനും ഒപ്പം നിന്ന് പ്രവർത്തിച്ച ആറ്റിങ്ങൽ വാസു, ആറ്റിങ്ങൽകാരുടെ കമ്യൂണിസ്റ്റ് വാസു ആയി മാറി.
ഇവർ മൂവരുടെയും പ്രവൃർത്തന ഫലമായി, വേളാർ സമുദായത്തിൽ ഉള്ളവർ കൂടുതൽ താമസിക്കുന്ന വേളാർകുടി, ഒരു കമ്യൂണിസ്റ്റ് ഗ്രാമമായി രൂപാന്തരപ്പെട്ടു.
ഗ്രാമ പ്രദേശങ്ങളിൽ സംഘടിപ്പിക്കുന്ന ക്ലാസ്സുകളിൽ, നേതാക്കളെ എത്തിക്കുന്ന ചുമതല വാസുവിനാണ് ഉണ്ടായിരുന്നത്. വേളാർ സമുദായത്തിനുള്ളിലും, ആറ്റിങ്ങൽ ഭാഗങ്ങളിലും കമ്യൂണിസ്റ്റ് പാർട്ടിയെ വളർത്തിയതിൽ വാസുവും സംഘവും വലിയ പങ്കാണ് വഹിച്ചത്.
ഒരു കാലത്ത് തൊഴിലാളി പ്രസ്ഥാനങ്ങളുടെ ആവേശമായിരുന്ന യുവ നേതാവ്, ഒരു പ്രായം കഴിഞ്ഞ്, ജീവിതം വഴിമുട്ടിയപ്പോൾ ഭൂപടങ്ങളുടെ കച്ചവടവുമായി മുന്നോട്ടു പോയി. പല സ്ഥലങ്ങളിൽ പോയി ഭൂപടങ്ങൾ വിറ്റ് തൻ്റെ കുടുംബത്തിൻ്റെ ഭുപടത്തിൽ, രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ അദ്ധേഹം പരിശ്രമിച്ചു. കാലം മുന്നോട്ടു പോയപ്പോൾ, ഒറ്റപ്പെട്ടു പോയ അദ്ധേഹം ഒരു റേഷൻ കടയുടെ വരാന്തയിൽ അഭയം പ്രാപിച്ചു.
ചുവപ്പു തുണി തലയിൽ കെട്ടി നടന്നിരുന്ന വാസു, 1950 കാലഘട്ടങ്ങളിൽ നാടിൻ്റേയും യുവാക്കളുടേയും ആവേശമായിരുന്നു. 2011 ജൂൺ മാസം 79 മത്തെ വയസ്സിൽ അദ്ധേഹം അന്തരിച്ചു.
എഴുത്തും രൂപകൽപ്പനയും - അയ്യപ്പൻ മണികണ്ഠൻ നായർ
Comments
Post a Comment