കാട് തേടി പോകുമ്പോൾ...
കഥ
ജീവിതം പോലെ തന്നെ വഴിത്താരകളും, ദുർഘടമായ പാതകളിലൂടെ കയറ്റങ്ങളുടേയും പിരിവുകളുടേയും പരമ്പരകൾ താണ്ടി പോകേണ്ടി വരും. നാട്ടിലെ ജീവിതം എന്ന ആഢംബരം പ്രഹേളിക ആയപ്പോഴാണ് കാടു കയറാൻ തീരുമാനിച്ചത്..
ക്രൂരതകളുടേയും അസമത്വങ്ങളുടേയും നാട്ടിൽ ഇനിയൊരു തുടർച്ച വേണ്ട എന്നു തീരുമാനിച്ചു. വലിയ തട്ടിപ്പുകാരും കപട മുഖങ്ങളും വിരാജിക്കുന്ന ഇവിടെ നിന്നും ഒരു ഒളിച്ചോട്ടം, അതു കാട്ടിലേക്കായിരുന്നു..
നിസ്സഹായനായ ഒരു സാധാരണ മനുഷ്യൻ പ്രതികരണത്തിനു പോലും കഴിയാതെ, കശക്കി ഏറിയപ്പെടും എന്നുള്ള തിരിച്ചറിവ് ഭയപ്പെടുത്തുന്ന അസ്വസ്ഥതകളുടെ, അരക്ഷിതമായ പകലുകളേയും രാത്രികളേയും സൃഷ്ടിച്ചെടുത്തു.
ആദിമ കാലത്തെ കാടിൻ്റെ വസന്തം നുകരണമെന്നു തോന്നി. മരങ്ങളുടെ മടിത്തട്ടിൽ അവരുടെ തണൽ പറ്റി ജീവിതം അവിടെ അവസാനിക്കുന്നു എങ്കിൽ അവസാനിക്കട്ടെ! ഒരു ആന എതിരേ വരുന്നുണ്ട്. ചങ്ങലകളില്ലാത്ത, ഗജവീരന്മാരെ പോലെ എല്ലാവരും സ്വതന്ത്രരും നിർഭയരും ആയിരിക്കേണ്ടതുണ്ട്.
എവിടേക്കുള്ളതാണ് ഈ യാത്ര!
അരക്ഷിതമായ ചുറ്റുപാടുകളിൽ നിന്നും കാടു തേടി വന്നതാണ്..
സ്വജന പക്ഷപാതികളുടേയും അഴിമതിക്കാരുടേയും ഒരു അഹന്ത നിങ്ങൾക്കുണ്ട്..
കുറച്ചൊക്കെ അധികാരമുള്ള ഏതു സ്ഥലത്തു പോയാലും എടാ! പോടാ! നീ..! എന്നൊക്കെയുള്ള വിളികളാണ് കേട്ടു ശീലിച്ചിട്ടുള്ളത്. അതു കൊണ്ടു തന്നെ, ചങ്ങലകളില്ലാത്ത ആനയുടെ, നിങ്ങൾ, എന്ന പ്രയോഗം മനസ്സിലുടക്കി. മറുപടി കൊടുക്കണമല്ലോ.
കാട്ടിൽ ഒരിടം തരണം. നാട്ടിൽ വലിയ നികുതി കൊടുത്തു അസമത്വങ്ങളുടേയും അനീതികളുടേയും വലിയ ഭാരങ്ങൾ തലയിൽ എടുത്തു ചുമക്കേണ്ടി വരുന്നുണ്ട്..
ആന, പതിയെ അരികിലേക്കു വന്നു, അടക്കം പറച്ചിൽ പോലെ, ഗദ്ഗദം പോലെ പറഞ്ഞു..
കത്തിത്തീർന്ന ശവ ശരീരം പോലെ കുറച്ചു എല്ലിൻ കഷ്ണങ്ങൾ അവിടെ അവിടെയായി ബാക്കിയുണ്ട്.. അതുപോലും കൊത്തിയെടുക്കാൻ കഴുകന്മാർ മത്സരിക്കുന്നു... നിങ്ങൾ പറയൂ.. എവിടെയാണ് കാട്! മരങ്ങളും പുഴകളും എവിടെ! അഭയാർത്ഥികളുടെ ഒരു കൂട്ടമാണ് ഇവിടെ അവശേഷിക്കുന്നത്.
ശാക്തികചേരികൾ യുദ്ധത്തിനു തയാറെടുക്കുന്നുണ്ട്, അവർക്കിതൊരു വേട്ടയാടലിന്റെ ഹരമാണ്.. തിരിച്ചു പോകാൻ ഒരിടവും ബാക്കി ഇല്ല.
പടക്കം പൊട്ടിച്ചും മയക്കു വെടി വച്ചും വൈദ്യുതി കടത്തിയും കൊന്നുകളഞ്ഞ ജീവിതങ്ങളുടെ കണക്കുകൾ ഇനിയും ബാക്കിയായ കാടുകളിൽ അദൃശ്യമായി എഴുതി ചേർത്തിട്ടുണ്ട്.. ആയതിനാൽ നിങ്ങൾ തിരിച്ചു പോകൂ.. കാടിറക്കത്തിന്റെ കഥകൾ ആരോടും പറയരുത്. നമുക്ക് ഇടയിലെ സ്വകാര്യ സംഭാഷണമായി ഇത് അവസാനിക്കണം..
അഭയമേതും ഇല്ലാതെ വരുമ്പോൾ നമ്മൾ എന്തു ചെയ്യും..
കഥ, ചിത്രം - അയ്യപ്പൻ മണികണ്ഠൻ നായർ
Comments
Post a Comment