നാട്ടുവഴികളിലെ സാഹസിക യാത്രകൾ!
ചില മുന്നറിയിപ്പുകൾ..
1. വഴിയുടെ അരികുകളിൽ, നിർത്തി ഇട്ടിരിക്കുന്ന ഒരു വാഹനം ഏതൊരു വിധ മുന്നറിയിപ്പും നൽകാതെ വളരെ പെട്ടെന്ന്, റോഡിലേക്ക് കയറി വരാൻ സാധ്യത ഉണ്ട്.
2. വഴിയുടെ ഓരങ്ങളിൽ, നിർത്തി ഇട്ടിരിക്കുന്ന ഒരു വഹനത്തിൻ്റെ വാതിൽ, വാഹനത്തിൻ്റെ ഉള്ളിൽ നിന്നും റോഡിൻ്റെ ഭാഗത്തേക്ക്, എപ്പോൾ വേണെമെങ്കിലും വലിച്ചു തുറക്കാം.
3. ഇടവഴികളിൽ നിന്നും എപ്പോൾ വേണമെങ്കിലും, മുന്നറിയിപ്പുകൾ ഇല്ലാതെ ഒരു വാഹനം പ്രധാന റോഡിലേക്ക് കയറി വരാം..
4. നിയമം തെറ്റിച്ച് തെറ്റായ ദിശയിൽ, വരുന്ന ഒരു വാഹനത്തെ ഏതു നിമിഷവും പ്രതീക്ഷിക്കണം.
5. മുന്നിൽ പോകുന്ന ഒരു വാഹനം, സിഗ്നലുകളോ, മുന്നറിയിപ്പുകളോ, നൽകാതെ പെട്ടെന്ന് വലത്തോട്ടോ, ഇടത്തോട്ടോ തിരിയാം..
6. വഴിയുടെ കുറുകേ വലിച്ചു കെട്ടിയിരിക്കുന്ന, ദൂരെ നിന്നും കാണാൻ കഴിയാത്ത, ഒരു കയർ, കമ്പി, വടങ്ങൾ, ഇതു പോലുള്ള കാര്യങ്ങളെ എപ്പോഴും പ്രതീക്ഷിക്കണം.
7. സിഗ്നൽ ലൈറ്റുകൾ, മുന്നറിയിപ്പ് സംവിധാനങ്ങൾ ഇതൊന്നും ഇല്ലാതെ വഴിയുടെ അരികുകളിൽ, നിർത്തി ഇട്ടിരിക്കുന്ന വാഹനങ്ങളെ, വളരെ അടുത്ത് എത്തുമ്പോൾ മാത്രം ആയിരിക്കും കാണാൻ കഴിയുക.
8.മുന്നറിയിപ്പുകളോ, പ്രത്യേക അടയാളങ്ങളോ ഇല്ലാതെ വഴികളിൽ നിർമ്മിച്ചു വച്ചിരിക്കുന്ന, ഹമ്പുകളിലും ബമ്പുകളിലും അത് കൂടാതെ, കുഴികളിലും കയറി വാഹനം ഉയർന്നു ചാടുകയും ശരീര ഭാഗങ്ങൾക്ക് പരിക്ക് ഉണ്ടാകാനും ഉള്ള സാധ്യതയെ കരുതി ഇരിക്കണം.
9. കവലകളിലും, വഴിയരികിലും കാണുന്ന സിഗ്നൽ ലൈറ്റുകൾ ഒരു ശരാശരി യാത്രക്കാരന് ആശയക്കുഴപ്പം ഉണ്ടാക്കും. എങ്കിലും, ഉയർന്ന IQ ഉള്ളവർക്ക് മനസ്സിലാക്കാൻ കഴിയുന്ന ഇത്തരം സിഗ്നൽ ലൈറ്റുകൾ, കാലക്രമേണ സാധാരണക്കാർക്കും മനസ്സിലാക്കാൻ കഴിയും.
10. ഒരു സിഗ്നൽ ലൈറ്റിനു മുൻപിൽ വേഗത കുറച്ചു വാഹനം നിർത്താൻ ശ്രമിക്കുന്നത് വളരെ കരുതലോടെ ആയിരിക്കണം. സിഗ്നലുകൾ ഒന്നും ബാധകമല്ലാതെ പുറകേ വരുന്ന വഹനങ്ങൾ, ഇടിച്ചു വീഴ്ത്തി മുന്നിലേക്ക് കയറി പോകാൻ സാധ്യതയുണ്ട്.
11. സിഗ്നൽ ലൈറ്റിൽ പച്ച തെളിയുന്നതിന് ഒരു മിനുട്ട് മുൻപ്, പുറകിൽ നിൽക്കുന്ന വഹനങ്ങൾ എല്ലാം കൂടി വലിപ്പചെറുപ്പം ഇല്ലാതെ, കൂട്ടത്തോടെ, ഹോൺ മുഴക്കി അന്തരീക്ഷത്തിൽ, വലിയ പ്രകമ്പനം സൃഷ്ടിച്ചു കൊണ്ടിരിക്കും. രാത്രിയുടെ വിജനതകളിൽ, കുറുനരികളും ചെന്നായ്ക്കളും ഓരിയിടുന്നതിനെ ഇത് ഒർമ്മിപ്പിക്കും.
12. സീബ്രാ വരകൾക്ക് മുൻപിലായി, മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്ത സാഹചര്യത്തിൽ, ഒരു കാൽനട യാത്രികൻ സീബ്രാ വരകളിലൂടെ വഴി മുറിച്ചു കടന്നു പോകുന്നത്, വളരെ അടുത്ത് എത്തിയതിനു ശേഷം മാത്രം ആയിരിക്കും കാണാൻ കഴിയുന്നത്.
13. ഒരു വഴിയിൽ നിന്നും മറ്റൊരു വഴിയിലേക്ക് കയറി വരുന്ന ഒരു വാഹനം, നിയമം തെറ്റിച്ച്, റോഡിൻ്റെ വലത് വശത്ത് കൂടി ആയിരിക്കും വലതു ഭാഗത്തേക്ക് തിരിയാറുള്ളത്. അത് കൊണ്ട് തന്നെ അവിടെ കൂട്ടി ഇടിക്കുള്ള ഒരു വഴി എപ്പോഴും തുറന്നു കിടപ്പുണ്ട്.
14. നിർത്തി ഇട്ടിരിക്കുന്ന ഒരു വാഹനത്തിൻ്റെ ഭാഗത്ത് നിന്നോ, മതിലുകൾ, കെട്ടിടങ്ങൾ, മറ്റ് മറവുകൾ ഇവിടെ എല്ലാം നിന്നും ഒരു വാഹനം, അല്ലെങ്കിൽ കാൽ നടയാത്രികർ അപ്രതീക്ഷിതമായി വഴിയിലേക്ക് കടന്നു വരാം..
15. നിർത്തി ഇട്ടിരിക്കുന്നതോ, ഓടി കൊണ്ട് ഇരിക്കുന്നതോ ആയ വഹനങ്ങളെ ഇടതു വശത്ത് കൂടിയോ, വലത് വശത്ത് കൂടിയോ മറികടന്ന് പോകാൻ ശ്രമിക്കുന്നത് അതീവ അപകടകരം ആയിരിക്കും..
16. വഴിയിൽ, നിർത്തി ഇട്ടിരിക്കുന്ന ഒരു വാഹനം ഓടി കൊണ്ട് ഇരിക്കുന്ന വാഹനത്തേക്കാൾ പല മടങ്ങ് അപകടകാരി ആയിരിക്കും. നിർത്തി ഇട്ടിരിക്കുന്ന ഒരു വാഹനം എപ്പോൾ, എങ്ങോട്ട് ചലിക്കും എന്നുള്ളത് പ്രവചനാതീതം. അത് കൂടാതെ തന്നെ, അതിന് മറ്റു പല കാരണങ്ങളും ഉണ്ട്.
17. ഡിവൈഡർ ഇല്ലാത്ത വഴികളിൽ, ഓടിക്കൊണ്ട് ഇരിക്കുന്ന ഒരു വാഹനത്തെ മറികടക്കുമ്പോൾ, പുറകേ വരുന്ന വാഹനം ഇടിക്കാനുള്ള സാധ്യത ഇരുപത്തി അഞ്ച് ശതമാനവും, നേരെ എതിരേ വരുന്ന വാഹനം ഇടിക്കാനുള്ള സാധ്യത മറ്റൊരു ഇരുപത്തി അഞ്ച് ശതമാനവും ആണ്. ആകെ മൊത്തം അൻപത് ശതമാനം അപകട സാധ്യത അവിടെ നിലനിൽക്കുന്നു.
എഴുത്തും, രൂപകൽപ്പനയും - അയ്യപ്പൻ മണികണ്ഠൻ നായർ
Comments
Post a Comment