ഒരു സിനിമയിൽ ഒതുങ്ങാത്ത വില്ലൻ!
തുടരും... 'ഡാർക്ക് ഷേഡിൽ' കഥ പറഞ്ഞു പോകുന്ന സിനിമ ഉദ്വേഗങ്ങൾ ഉണ്ടാക്കുന്നുണ്ട് എങ്കിലും, കുറച്ചു ഭാഗങ്ങൾ കാണുമ്പോൾ തന്നെ കഥയുടെ ഗതിയും ഇനി വരാൻ പോകുന്ന കാര്യങ്ങളും ഏറെക്കുറെ പ്രവചിക്കാൻ കഴിയുന്നുണ്ട്. രണ്ട് മക്കളുടെ അച്ഛനും മധ്യവയസ്കനുമായ നായകന്റെ ഒരു താടിയോ മുടിയോ പേരിനെങ്കിലും നരച്ചിട്ടില്ലാത്തത് കൗതുകമായി തോന്നി. ഒരു പക്ഷെ ബെൻസ് ഡൈ ചെയ്യുന്നുണ്ടായിരിക്കും. എക്കാലത്തെയും മികച്ച ക്ലാസ്സിക് വില്ലൻമാരിൽ ഒരാളായി ശോഭിച്ച 'ജോർജ്ജ് സാർ', ഭാവിയിൽ അദ്ദേഹത്തെ സൃഷ്ടിച്ച സിനിമയെക്കാൾ കൂടുതൽ പ്രസിദ്ധനാവാനാണ് സാധ്യത!
കുറ്റവാസനയുള്ളവരും ധാർമ്മിക ബോധമില്ലാത്തവരും അധികാര സ്ഥാനങ്ങളിൽ എത്തുമ്പോൾ ഇതുപോലെയൊക്കെ സംഭവിക്കാനുള്ള സാധ്യതയുണ്ട്. പോലീസുകാർ കുറ്റവാളികളെ നിർമ്മിച്ചെടുക്കുന്നതും കേസുകൾ 'ഫാബ്രിക്കേറ്റ്' ചെയ്യാറുള്ളതും പൊതുവിൽ നടക്കുന്ന കാര്യങ്ങളാണ്. ഈച്ചരവാര്യരുടെ മകൻ രാജൻ മുതൽ 'എസ് കത്തി' വരെ നമുക്ക് മുന്നിൽ ഉദാഹരണങ്ങളായി ഉണ്ട്.
മകന്റെ മരണത്തിൽ സംശയം ഉന്നയിച്ച് കോടതിയിൽ പോയി സിബിഐ അന്വേഷണം ആവശ്യപ്പെട്ട മാതാപിതാക്കൾ വീടിനുള്ളിൽ വെച്ച് കൊല്ലപ്പെട്ട സംഭവം, വെറും മോഷണ ശ്രമത്തിൻ്റെ ഭാഗം ആണെന്ന് പോലീസ് പറയുമ്പോൾ അത് വിശ്വസിക്കാൻ സാമാന്യബുദ്ധി അനുവദിക്കാത്തതിന്റെ കാരണവും മറ്റൊന്നല്ല.
ആളൊഴിഞ്ഞ സ്ഥലത്ത് മരക്കൊമ്പിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ആൾ ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് ഉറപ്പിച്ച് പറഞ്ഞത് അന്വേഷണം തുടങ്ങുന്നതിനും പോസ്റ്റ് മോർട്ടം റിപ്പോർട്ട് വരുന്നതിനും ഏറെ മുൻപായിട്ടാണ്. ഒരു സമൂഹത്തിൻ്റെ പൊതുയുക്തിയെ ചോദ്യം ചെയ്യുന്നതാണ് ഇത്തരം കാര്യങ്ങളെന്ന് ആരും തിരിച്ചറിയുന്നില്ല.
കസ്റ്റഡിയിൽ വച്ച് പോലീസിന്റെ ബോധപൂർവ്വമായ പ്രവൃത്തികൊണ്ടോ അല്ലാതെയോ മരിച്ചുപോകുന്ന ഒട്ടനവധി നിസ്സഹായർ നമുക്ക് ചുറ്റും ഉണ്ടായിട്ടുണ്ട്. പ്രതികളെന്ന് ആരോപിക്കപ്പെടുന്നവരെ ചോദ്യം ചെയ്യാൻ കൊണ്ടുപോകുന്ന സ്ഥലങ്ങളും രഹസ്യ സങ്കേതങ്ങളും മനുഷ്യാവകാശ ലംഘനത്തിന്റെ അതിഭീകര ഇടങ്ങളായി പലപ്പോഴും പരിവർത്തനപ്പെടാറുണ്ട്. സിനിമയിലെ സ്റ്റണ്ട് മാസ്റ്ററായ നായകനെ പോലെ ഒറ്റയ്ക്ക് 'അടിച്ച്' ജയിക്കാൻ യഥാർത്ഥ ജീവിതത്തിൽ ആർക്കും സാധ്യമാവുകയില്ല. ഇതെല്ലാം സിനിമയിൽ മാത്രം സംഭവിക്കുന്ന 'സിനിമാറ്റിക്' ആയിട്ടുള്ള കാര്യങ്ങളാണ്.
എങ്കിലും വളരെ അപൂർവ്വമായി ഇത്തരം പോരാട്ടങ്ങൾ നടത്തി മരിച്ചുപോയവർക്ക് ആത്മശാന്തി നൽകിയ ചിലരെങ്കിലുമുണ്ട്. ഒരു വൈകുന്നേരം ഫോർട്ട് ആശുപത്രിയുടെ മുന്നിലെ ശ്രീകണ്ഠേശ്വരം പാർക്കിൽ കിടന്നുറങ്ങുകയായിരുന്ന ഉദയകുമാറിനെ അവിടെ നിന്നും 'പൊക്കി'യെടുത്ത് കൊണ്ടുപോയി അടിച്ചും ഉരുട്ടിയും കൊലപ്പെടുത്തിയതാണ് ഒരു സംഭവം. പിന്നീട് ഉദയകുമാറിന്റെ വയോധികയായ അമ്മ മകൻ അനുഭവിച്ച വേദനയ്ക്ക് പിറകെ പോയി മകന് മോക്ഷം നേടിക്കൊടുത്തു. ഇരകളാക്കപ്പെടുന്നവരെ കേൾക്കാതെ അവഗണിക്കാറുള്ള പൊതു സംവിധാനങ്ങളും കോടതിയും ഒരമ്മയുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ വഴങ്ങി, സത്യം അന്വേഷിക്കാൻ തയ്യാറായി. പ്രഭാവതിയമ്മയെ പോലെ ചുട്ടുപൊള്ളുന്ന വഴികളിൽ ഉരുകാതെ നടന്നുപോയ അസാധാരണ മനുഷ്യർ അപൂർവ്വമായിട്ടെങ്കിലും ഇവിടെയുണ്ട്.
സിനിമ കണ്ട് തീർന്നതിന് ശേഷം വില്ലൻ വേഷം കൈകാര്യം ചെയ്ത് അഭ്രപാളിയിൽ ജീവിക്കുകയായിരുന്ന 'ജോർജ്ജ് സാറി'നോട് എനിക്ക് ദേഷ്യം തോന്നിയതേയില്ല. അത് അദ്ദേഹം ആ കഥാപാത്രത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ചതുകൊണ്ടാണ്...
എഴുതിയത്- അയ്യപ്പൻ മണികണ്ഠൻ നായർ

Comments
Post a Comment